.

ഇടക്കൊച്ചി : സെഹിയോൻ പ്രേക്ഷിത സംഘത്തിൻ്റെ പ്രധാന കലവറ, പകൽവീട്, ഊട്ടുശാല, ഓഫീസ് എന്നിവ സിയന്ന കോളേജിന് സമീപം പ്രവർത്തനമാരംഭിക്കുന്നു.

ഇടക്കൊച്ചി : കഴിഞ്ഞ 25 വർഷത്തിലധികമായി സെഹിയോൻ പ്രേഷിത സംഘം അശരണർക്കും ദരിദ്രർക്കും വീടില്ലാതെ വഴിയിൽ അലയുന്ന വർക്കും വേണ്ടി നിരവധിയായ കാരുണ്യ പ്രവർത്തികൾ നടത്തിപ്പോരുന്നു. വഴിയിൽ അലയുന്നവരെ കുളിപ്പിച്ചു വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ നൽകുന്ന മൊബൈൽ ബാത്ത്, കാരുണ്യ യാത്രകൾ, ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലാതെ വഴിയരികിലും, വീടുകളിലും കഴിയുന്നവർക്കുള്ള പൊതിച്ചോർ വിതരണം , സെഹിയോൻ ഊട്ടുശാലകൾ, ലഞ്ച് ബോക്സുകൾ തുടങ്ങിയവയാണ് അവയിൽ പ്രധാനപ്പെട്ടവ. പ്രേക്ഷിത സംഘത്തിന്റെ കേന്ദ്ര ഓഫീസും പ്രധാന പാചകശാലയും പ്രവർത്തിക്കുന്നത് സെഹിയോൻ പ്രേഷിത സംഘത്തിന്റെ സ്ഥാപകനും ഈ കാരുണ്യ പ്രവർത്തികൾക്കെല്ലാം നേതൃത്വം നൽകുകയും ചെയ്യുന്ന എം. എക്സ് ജൂഡ്സന്റെ ഭവനത്തിലാണ് ദിവസേന രണ്ടായിരത്തിൽ അധികം പാവങ്ങൾക്കാണ് ഇവിടെനിന്ന് പൊതിച്ചോറുകൾ വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. സ്ഥലസൗകര്യങ്ങളുടെ അപര്യാപ്തത മൂലം പ്രധാന കലവറ, പകൽവീട്, ഊട്ടുശാല, എസ് പി എസ് ഓഫീസ്. എന്നിവ സിയെന്ന കോളേജിന് എതിർവശം ഉള്ള പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്. 2500ലധികം ആളുകൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള അടുക്കള അനുബന്ധ സൗകര്യങ്ങൾ, വയോജനങ്ങൾക്കും ആരുമില്ലാത്തവർക്കും പകൽസമയം ചിലവഴിക്കുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടിയുള്ള പകൽവീട്, നൂറിലധികം ആളുകൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള ഊട്ടുപുര എന്നിവയെല്ലാം ഈ പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സെഹിയോൻ സംഘത്തിന്റെ പ്രസിഡന്റ് എം എക്സ് ജൂഡ്സൺ മാനേജിംഗ് ട്രസ്റ്റീ ഡോക്ടർ അരുൺ ഉമ്മൻ, സെക്രട്ടറി ജോസഫ് മാമുണ്ടേൽ , കോർഡിനേറ്റർ ഷാജി, ട്രഷറർ ടോം രഞ്ജിത്ത് എന്നിവർ ലൈഫ്കൊച്ചിയെ അറിയിച്ചു. ഫെബ്രുവരി അഞ്ചാം തീയതി രാവിലെ 10 മണിക്ക് എറണാകുളം എം പി ഹൈബി ഈഡൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചി എംഎൽഎ കെ ജെ മാക്സി മുഖ്യാതിഥിയായിരിക്കും. സെഹിയോൻ പ്രേഷിത സംഘം ഡയറക്ടർ റവ. മോൻസിഞ്ഞോർ ആന്റണി കൊച്ചുകരിയിൽ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. കൊച്ചി രൂപതാ വികാരി ജനറൽ ഫാദർ ഷൈജു പര്യാത്തുശ്ശേരി മിനി ഹാൾ ഓഫീസ് ഉദ്ഘാടനം നടത്തും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ് പ്രസിഡന്റ് ഡോക്ടർ അരുൺ ബാബു സെൻട്രൽ കിച്ചൻ ഉദ്ഘാടനവും ഫാദര്‍ നെല്‍സണ്‍ ജോബ് പകൽവീട് സമർപ്പണവും ഫാദർ റാഫി കൂട്ടുങ്കൽ ഓഫീസ് വെഞ്ചിരിപ്പ് കർമ്മവും നിർവഹിക്കും. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കെ ആർ മനോജ് ഭക്ഷണ വിതരണം ഫ്ലാഗ് ഓഫ് ചെയ്യും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 2, 2023, 7:07 p.m. | Edakochi