.

ഫോർട്ട്കൊച്ചി : ബീച്ചിന് പുത്തൻ മുഖഛായ നൽകാൻ കെഎംആർഎൽ

ഫോർട്ട്കൊച്ചി : നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൊച്ചി നഗരസഭ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ തറക്കല്ലിട്ടു. ബീച്ച് മേഖല നവീകരിക്കണമെന്ന പ്രദേശവാസികളുടെയും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെയും ആവശ്യം കെഎംആർഎൽ നിർഹിക്കുകയാണ് . കൊച്ചി വാട്ടർ മെട്രോയുടെ പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട്കൊച്ചി ടെർമിനലിലേക്ക് എത്തുന്നവർക്കും പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് നിർമ്മാണങ്ങൾ നടക്കുക. ബീച്ചിലേക്കുള്ള നടപ്പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൊട്ടിയ ടൈലുകൾ മാറ്റിസ്ഥാപിക്കും. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പുനസ്ഥാപിക്കും. കാൽനടയാത്രികർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ മറ്റ് സ്ഥലങ്ങളിൽ ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. ബീച്ചിന് സമീപം മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന ചരിത്രപ്രധാനമായ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ പുരാവസ്തു സംരക്ഷണ വകുപ്പുമായി ചേർന്ന് സ്വീകരിക്കും. വാട്ടർ മെട്രോ ടെർമിനലിന് സമീപം നിലവിൽ മത്സ്യവിൽപ്പന നടത്തുന്നവർക്കായി ആധുനിക രീതിയിലുള്ള 5 കിയോസ്കുകളും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകും. കൊച്ചി എംഎൽഎ കെ ജെ മാക്സി, കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, സ്ഥലം കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, ജനപ്രതിനിധികൾ കെഎംആർഎൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 25, 2023, 7:27 p.m. | Fort Kochi