.

കൂവപ്പടി : ചിന്നക്കനാലിൽ നിന്ന് "അരിക്കൊമ്പനെ" പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാതെ കോടനാട് എത്തിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ അഭയാരണ്യത്തിനു മുൻപിൽ ഒത്തുകൂടി.

കൂവപ്പടി : നാട്ടുകാർ, ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരാണ് അരിക്കൊമ്പന് സ്വാഗതം ആശംസിച്ച് ഒത്തുകൂടിയത്. കപ്രിക്കാട് പ്രദേശം കാട്ടാനകളുടെ ആക്രമണ ഭീതി നേരിടുന്ന സ്ഥലമാണ്. കഴിഞ്ഞദിവസം രാത്രിയിൽ ഇവിടെ പത്തോളം കാട്ടാനകൾ കൂട്ടമായി എത്തി. ഇത്തരം ആനകളുടെ ആക്രമണത്തിൽ നിന്ന് നാടിനെ രക്ഷിക്കണമെങ്കിൽ കുങ്കി ആനയുടെ സഹായം ആവശ്യമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട് എത്തിച്ച് കൃത്യമായി പരിശീലനം നൽകിയാൽ ഇതിനെ ഒരു കുങ്കി ആനയാക്കി എടുക്കാം എന്ന് നാട്ടുകാർ പറയുന്നു. പ്രകൃതിയോട് ഇണങ്ങിയ ഒരു ആന പരിശീലന കേന്ദ്രമാണ് കപ്രിക്കാട് അഭയാരണ്യം. അതിനാൽ തന്നെ ആനയെ ഇവിടെ എത്തിച്ചാൽ ആവാസ വ്യവസ്ഥയ്ക്ക് മാറ്റം വരാതെ പരിശീലനം നൽകി ഒരു നാടിന് ഉപകാരപ്രദമായ രീതിയിൽ ഇതിനെ മാറ്റിയെടുക്കാൻ ആകുമെന്നും, ചിന്നകനാലുകാരുടെയും പറമ്പിക്കുളത്തുകാരുടെയും ആശങ്ക അകറ്റുന്നതോടൊപ്പം കോടനാട് നിവാസികളുടെ ഭയം അകറ്റാനും അതുകൊണ്ട് കഴിയുമെന്നും അരിക്കൊമ്പന് സ്വാഗതം ആശംസിച്ച് ഒത്തുകൂടിയ നാട്ടുകാർ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ സിനി എൽദോ, സുകുമാരൻ നാട്ടുകാരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 6, 2023, 11:51 p.m. | Koovappady