.

മട്ടാഞ്ചേരി : ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടു വരണം: ഹൈബി ഈഡൻ

മട്ടാഞ്ചേരി : ഭിന്നശേഷിക്കാർ അവഗണിക്കപ്പെടേണ്ടവരല്ല, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈബി ഈഡൻ എം പി. അവർക്ക് കൈത്താങ്ങാവാൻ സർക്കാരിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും കഴിയണം. ഹൈബി ഈഡൻ എം പി എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന സാന്ത്വനം ഭിന്ന ശേഷി സഹായ ഉപകരണ ക്യാമ്പിന്റെ മട്ടാഞ്ചേരിയിലെ ക്യാമ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 200ഓളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിലും ഇതോടെ ക്യാമ്പ് പൂർത്തിയായതായി എം പി പറഞ്ഞു. കേന്ദ്ര സർക്കാർ സംരംഭമായ അലിംകോ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫ്രന്റലി ഏബിൾഡ്, തിരുവനന്തപുരം, സഹൃദയ വെൽഫെയർ സർവീസസ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 40 ശതമാനമോ അതിലധികമോ വൈകല്യമുള്ളവർക്കാണ് ഉപകരണങ്ങൾ ലഭ്യമാകുന്നത്. ഹിയറിംഗ് എയിഡ്, 100 ശതമാനം കാഴ്ച പരിമിതിയുള്ള പത്താം ക്ലാസിന് മുകളിലുള്ള വിദ്യാര്ഥികൾക്കുള്ള സ്മാർട്ട് ഫോൺ, സ്മാർട്ട് കെയ്ൻ, ബ്രയിൽ കെയ്ൻ ഫോൾഡർ, ബ്രയിൽ സ്ലേറ്റ്, ബ്രയിൽ കിറ്റ്, സി പി വീൽ ചെയർ, ബുദ്ധി വൈകല്യമുള്ള 18 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള എം എസ് ഐ ഡി കിറ്റ്, വീൽ ചെയർ, കൃത്രിമ കാലുകൾ, റോളേറ്റർ, വാക്കിംഗ് സ്റ്റിക്, ഓക്സിലറി ക്രച്ചസ് മുതലായ ഉപകരണങ്ങൾക്കുള്ള അപേക്ഷകളാണ് ക്യാമ്പിൽ സ്വീകരിച്ചത്. സഹൃദയ വെൽഫെയർ സർവീസസ് ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവേലിൽ, കൗൺസിലർമാരായ കെ എം മനാഫ്, ബാസ്റ്റിൻ ബാബു, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ ബാബു തോമസ്, വൈസ് പ്രസിഡന്റ് പി എ സഗീർ, വി എച്ച് ശിഹാബുദ്ദീൻ, പി പി ജേക്കബ്, പി എച്ച് നാസർ, തമ്പി സുബ്രഹ്മണ്യം, പി എം എൻ സമദ്, സി എ ഷെമീർ, കെ ആർ രജീഷ്, ടി എം റിഫാസ്, കവിത ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 14, 2023, 8:49 p.m. | Mattanchery