.

മുളന്തുരുത്തി : ബഡ്ജറ്റ് 2022-23 വൈസ് പ്രസിഡന്‍റ് രെഞ്ചി കുര്യന്‍ കൊള്ളിനാല്‍  അവതരിപ്പിച്ചു.

മുളന്തുരുത്തി: ഗ്രാമപഞ്ചായത്തിന്‍റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് റെഞ്ചി കുര്യന്‍ കൊള്ളിനാല്‍  അവതരിപ്പിച്ചു. കോവിഡ് മഹാമാരിയുടെ ഭീകരാവസ്ഥയില്‍ നിന്ന് മുക്തമാകാതെ സാമ്പത്തിക രംഗം കലുഷിതമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് അതിജീവനവും  ക്ഷേമവും വികസനവും  ലക്ഷ്യം വെച്ചുകൊണ്ടും മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ടും പരമ്പരാഗത സ്രോതസ്സുകളെ പ്രയോജനപ്പെടുത്തിയും വ്യത്യസ്ത തലങ്ങളിലെ ചര്‍ച്ചകളിലൂടെയും ഏകോപനങ്ങളിലൂടെയും നവകേരളമിഷന്‍  പദ്ധതികള്‍ക്കും ദുരന്ത നിവാരണ പദ്ധതിക്കും പ്രാധാന്യം കൊടുത്തു കൊണ്ട് കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നു എന്ന് അഭിമാനത്തോടെ വികസനരംഗത്ത് മുന്നേറുക എന്ന ലക്ഷ്യത്തിലാണ് ഈ ബഡ്ജറ്റ്  പ്രത്യേകമായി  പ്രാധാന്യം നല്‍കിയിരിക്കുന്നത്. കാര്‍ഷികമേഖല : ഉത്പാദന മേഖലയ്ക്കാണ് ബഡ്ജറ്റില്‍ പരമപ്രധാനമായ പങ്കും നീക്കിവയ്ക്കുന്നത്. നെല്‍കൃഷി വികസനം, ജൈവപച്ചക്കറികൃഷി, പുരയിടകൃഷി, ജാതിതൈ വിതരണം, ജാതി തൈക്ക് വളം, പാലിന് സബ്സിഡി, കറവപശു   വളര്‍ത്തല്‍, കറവപശുക്കള്‍ക്ക് തീറ്റ- വിതരണം, ധാതുലവണ മിശ്രിതവും വിരമരുന്നും, കന്നുകുട്ടി പരിപാലന പദ്ധതി എന്നിവ നടപ്പിലാക്കും. കാര്‍ഷിക കര്‍മ്മസേനയുടെ പ്രവര്‍ത്തനം പരമാവധി വിപുലീകരിക്കുന്നതോടൊപ്പം പാടശേഖര സമിതികളെ പ്രയോജനപ്പെടുത്തി കൊണ്ട് തരിശ് രഹിത ഗ്രാമം എന്നതാണ് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്. ആരോഗ്യം : ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനോടൊപ്പം നിലവിലെ പദ്ധതികളായ ഹൃദ്യാരോഗ്യം, മഴക്കാല പൂര്‍വ്വ ശുചീകരണം, പാലിയേറ്റീവ് കെയര്‍, ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, മെഗാ മെഡിക്കല്‍ ക്യാമ്പ്, ഹോമിയോ ആശുപത്രിക്ക് മരുന്നുകള്‍, ഹോമിയോ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, ആയുര്‍വ്വേദാശുപത്രിയില്‍ നടത്തി വരുന്ന പഞ്ചകര്‍മ്മ തെറാപ്പി ചികില്‍സാ പദ്ധതി, ആയുര്‍വേദാശുപത്രിയില്‍ മരുന്നു വാങ്ങല്‍ പദ്ധതി എന്നിവ നടപ്പിലാക്കുന്നതൊടൊപ്പം ആയര്‍വ്വേദാശുപത്രിയില്‍ വയോജനങ്ങള്‍ക്കായി പ്രത്യേക ചികില്‍സാ പദ്ധതി ആരംഭിക്കും. ഡയാലിസിസ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സഹായം നല്‍കും. സ്ത്രീകളില്‍  കണ്ടു വരുന്ന സ്‌തനാർബുദം തുടക്കത്തിലേ കണ്ടു പിടിക്കുന്നതിനും ചികില്‍സ ലഭ്യമാക്കുന്നതിനും നൂതന പദ്ധതി നടപ്പിലാക്കും. പോസ്റ്റ് കോവിഡ് ക്യാമ്പ് വിത്ത് പള്‍മണറി ഫംഗ്ഷണല്‍ ടെസ്റ്റിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. മാനസീക വെല്ലുവിളി നേരിടുന്നവര്‍ക്കായി പരിരക്ഷ നല്‍കുന്നതിന് തണല്‍ എന്ന നൂതന പദ്ധതി നടപ്പിലാക്കും. പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ട നിര്‍ദ്ധനരായ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ക്യാന്‍സര്‍ സംരക്ഷണ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും. സാമൂഹ്യസുരക്ഷ: മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി മൂന്നു തലമുറകളുടെ കേന്ദ്രമായ സ്വാന്തനഭവനത്തില്‍ ഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിക്കും. ഭിന്നശേഷി കുട്ടികള്‍ക്കായി പരമാവധി സ്ക്കോളര്‍ഷിപ്പ് നല്‍കും. കുടുംബശ്രീ സംരഭങ്ങള്‍ക്ക് ധനസഹായം നല്‍കും. ആശ്രയ പദ്ധതി  നടപ്പിലാക്കും.അതിദരിദ്രര്‍ക്ക് സംരക്ഷണമൊരുക്കും .വാതില്‍പ്പടി സേവനം നടപ്പിലാക്കും. പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസപരമായ  ഉന്നമനത്തിനും ആരോഗ്യപരമായ അഭിവൃദ്ധിക്കും, ജീവിത നിലവാരം  മെച്ചെപ്പെടുത്തുന്നതിനും മുന്‍ഗണ നല്‍കിയുള്ള പദ്ധതികള്‍ നടപ്പിലാക്കും.എബിസി പദ്ധതി പുനരാരംഭിക്കും. പഞ്ചായത്ത് പ്രദേശത്തെ എല്ലാ അംഗനവാടികള്‍ക്കും പുതിയ ഫര്‍ണീച്ചര്‍ ലഭ്യമാക്കും. അംഗന്‍വാടി പോഷകാഹാര പദ്ധതി നടപ്പിലാക്കും. ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററിനായി പ്രത്യേക വകയിരുത്തല്‍, വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതി നടപ്പിലാക്കും. ബാലസൗഹൃദ പഞ്ചായത്തിനായി പദ്ധതിക്ക് പ്രത്യേകമായി പണം നീക്കി വയ്ക്കും. എസ് സി യുവതികള്‍ക്ക് വിവാഹ ധനസഹായത്തിനായി പദ്ധതി നടപ്പിലാക്കും. നാപ്പ്കിന്‍ പാഡ് ഫ്രീ പഞ്ചായത്താക്കുന്നതിന് വേണ്ടി മെനുസ്ട്രല്‍ കപ്പ് വിതരണത്തിനായി പ്രത്യേക പദ്ധതി. വനിതകള്‍ക്കായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി പദ്ധതിക്ക് തുടക്കം കുറിക്കും. ജലസംരക്ഷണം, കുടിവെള്ളം, ശുചിത്വം : ജലജീവന്‍ പദ്ധതി നടപ്പിലാക്കാന്‍ മുന്തിയ പരിഗണന നല്‍കും, മനക്കപ്പടി പ്രാദേശിക കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും. പരമ്പരാഗതമായ ജലസ്രോതസ്സുകളേയും നീര്‍ചാലുകളേയും എംജിഎൻആർഇജിഎസ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കും. ജലദുര്‍വിനിയോഗവും, പാഴ്ചെലവും നിയന്ത്രിക്കും. 1000 സ്ക്വയര്‍ഫീറ്റില്‍ കൂടുതല്‍ പുതുതായി നിര്‍മ്മിക്കുന്ന എല്ലാ കെട്ടിടങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കും.കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളില്‍ മഴക്കുഴികളും മഴവെള്ള സംഭരണികളും നിര്‍മ്മിക്കാന്‍ പ്രത്യേക പദ്ധതി ആവിഷക്കരിക്കും. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തമാക്കും. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കും. ഇതിനായി വാര്‍ഡ് തലത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. ബോധവല്‍ക്കരണം, കളക്ഷന്‍ ക്യാമ്പയിന്‍ എന്നിവ ആരംഭിക്കും. ബയോഗ്യാസ് പ്ലാന്‍റ് ,ബയോബിന്‍ എന്നിവ പഞ്ചായത്ത് വിതരണം ചെയ്യും ഇതിനായി പ്രത്യേകം തുക വകയിരുത്തും. ഹരിതകര്‍മ്മസേനക്ക് ഇ-ഓട്ടോ, ട്രോളികള്‍ എന്നിവ ലഭ്യമാക്കും. ഇ-കാര്‍ പദ്ധതിക്ക് ഗതിവേഗം നല്‍കുന്നതിന് അനെര്‍ട്ടുമായി കൈകോര്‍ത്ത് ഇലക്ട്രിക് വെഹിക്കിള്‍  പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കും. വിദ്യാഭ്യാസം യുവജനക്ഷേമം വിനോദം ഗവ.സ്ക്കൂളുകളിലും എയ്ഡ്ഡ് സ്ക്കൂളുകളിലും ആരംഭിച്ച പ്രഭാത ഭക്ഷണ പരിപാടി  കോവിഡ് മൂലം സ്ക്കൂള്‍ അടച്ചപ്പോള്‍ നിര്‍ത്തിവച്ചത് പുനരാരംഭിക്കും ഇതിനായി തുക വകയിരുത്തും. കാരിക്കോട് സ്ക്കൂള്‍ അങ്കണത്തില്‍ നിര്‍മ്മിച്ചിട്ടുള്ള സ്വിമ്മിംഗ് പൂള്‍ എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കും. ഇന്‍സിനേറ്റര്‍ ഇല്ലാത്ത എല്ലാ വിദ്യാലയങ്ങളിലും പുതുതായി സ്ഥാപിക്കും. കാരിക്കോട് സ്ക്കൂള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേകമായി തുക വകയിരുത്തും. മുളനതുരുത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ വ്യായാമത്തിനായി പുതുതായി ജിം, യോഗസെന്‍റര്‍ എന്നിവ ആരംഭിക്കും. പഞ്ചായത്ത് തലത്തില്‍ കലാകായിക മേള ആരംഭിക്കും.ബസ് സ്റ്റാന്‍റ് ഷോപ്പിംഗ് കോംപ്ലക്സിനു മുകളില്‍ ബി ഓ ടി   അടിസ്ഥാനത്തില്‍ രണ്ട് ഹോം തിയേറ്റര്‍ നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കും. ചെങ്ങോലപ്പാടം റോഡ് സൈഡില്‍ ജില്ലാ ടുറിസം  പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ചു സൗന്ദര്യ വല്‍ക്കരണത്തിനും വ്യായാമത്തിനുമുള്ള പദ്ധതി തയ്യാറാക്കും. പ്രാദേശിക ക്ലബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും.നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്ന റവന്യൂ ടവറിനും റെയില്‍വേ മേല്‍പാലത്തിന്‍റെ  അപ്രോച്ച് റോഡിനും എല്ലാ പിന്തുണയും സഹായവും ലഭ്യമാക്കും. മികച്ച ലൈബ്രറികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മുളന്തുരുത്തി പബ്ലിക് ലൈബ്രറിക്ക് ഒരു ലക്ഷം രൂപ പുരസ്കാരം നല്‍കും. അടിസ്ഥാന സൗകര്യവികസനം പഞ്ചായത്ത് പ്രദേശത്തെ സഞ്ചാരയോഗ്യമല്ലാത്ത മുഴുവന്‍ റോഡുകളും റീടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കും. തെരുവ് വിളക്ക്പരിപാലനത്തിനായി കഴിഞ്ഞ വര്‍ഷത്തേതിലും ഇരട്ടി തുക നീക്കി വയ്ക്കും. ബസ് സ്റ്റാന്‍റ് രണ്ടാം ഘട്ട വികസനത്തിന് തുടക്കം കുറിക്കും. അതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് തുക നീക്കി വയ്ക്കും. ഗ്രാമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ആരക്കുന്നം കാഞ്ഞിരിക്കാപ്പിള്ളി പുളിക്കമാലി റോഡിന് ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കും. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി സ്ഥാനാര്‍ത്ഥിമുക്കില്‍ വഴിയോര യാത്രക്കാര്‍ക്കായി വിശ്രമ കേന്ദ്രവും ലഘുഭക്ഷണ ശാലയും ആരംഭിക്കും. കോലഞ്ചേരി കടവ് പാലം മററത്താംകടവ് പാലം എന്നിവിടങ്ങളില്‍ ക്യാമറ സ്ഥാപിച്ച് ഈ പ്രദേശം സമ്പൂര്‍ണ്ണ നിരീക്ഷണത്തിലാക്കും. നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. ലൈഫ് ഭവന പദ്ധതി 3-ആം ഘട്ടത്തിന് ആരംഭം കുറിക്കും. വകയിരുത്തലുകള്‍ ഉദ്പാദന മേഖല-76,91,250 , സേവനമേഖല – 8,37,94,000 മെയിന്‍റനന്‍സ്- 5,23,00,000 ഇന്‍ഫ്രാസ്ട്രക്ച്ചര്‍ - 1,34,00,൦൦൦. ആകെ 304872926 /- രൂപ വരവും 296700649 /- രൂപ ചെലവും 8172277 /- രൂപ നീക്കി ബാക്കിയുമുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത് കമ്മറ്റി പാസ്സാക്കി. വിവിധ നേതാക്കൾ ബഡ്ജറ്റിനോട് പ്രതികരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | March 17, 2022, 11:55 p.m. | Mulanthuruthy