.

പച്ചാളം : വൈദ്യുതി നിരക്ക് വർദ്ധന: ചീഫ് എൻജിനീയർ ഓഫീസ് ഉപരോധിച്ച് വ്യാപാരികൾ.

പച്ചാളം : അശാസ്ത്രീയ വൈദ്യുതി നിരക്ക് വർദ്ധനവിലും കണക്ടഡ് ലോഡിന്റെ പേരിൽ വ്യാപാരികൾക്ക് അന്യായമായി പിഴ ചുമത്തുന്നതിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി എറണാകുളം സെമിത്തേരി മുക്കിലെ കെഎസ്ഇബി ചീഫ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസിലേക്ക് തള്ളിക്കയറൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസ്, ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗം കെ സി സുനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധത്തിന് ഒടുവിൽ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. എറണാകുളം സെമിത്തേരിമുക്കിൽ നിന്നാണ് ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ചീഫ് എൻജിനീയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഓഫീസ് കവാടത്തിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് സംസ്ഥാന സെക്രട്ടറി പ്രദീപ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന ഉപരോധം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസിഡൻറ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, വനിതാ വിംഗ് സംസ്ഥാന പ്രസിഡൻറ് സുബൈദ നാസർ, ജില്ലാ വൈസ് പ്രസിഡൻറ് ജിമ്മി ചക്യത്ത്, നിയോജകമണ്ഡലം പ്രസിഡൻറ് എം സി പോൾസൺ, ജനറൽ സെക്രട്ടറി എഡ്വേർഡ് ഫോസ്റ്റസ്, യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ എസ് നിഷാദ് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 20, 2023, 12:20 a.m. | Pachalam