.

പെരുമ്പാവൂർ : ഒരു മാസക്കാലം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങൾക്ക് സമാപ്തി കുറിച്ചു കൊണ്ട് വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിച്ചു.

പെരുമ്പാവൂർ : വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ ഷമീർ മദീനി പെരുന്നാൾ സന്ദേശം നൽകി. വിശുദ്ധ റമദാനില്‍ നേടിയെടുത്ത ആത്മ സമര്‍പ്പണത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്. സഹജീവികളോടുള്ള കരുണയും, കരുതലും നമ്മുടെ ആഘോഷത്തില്‍ പ്രതിഫലിക്കണം. ഫാഷിസവും, ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്നത് നാം തിരിച്ചറിയണം. സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും ഈദ് ആശംസകൾ എല്ലാവരിലേക്കും പകർന്നു നൽകാനും നിലനിർത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. പി പി സുലൈമാൻ മണ്ഡലം പ്രസിഡന്റ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ, എം എം ഷംസുദ്ദീൻ മണ്ഡലം ട്രഷറർ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 22, 2023, 10:25 p.m. | Perumbavoor